കാസര്‍ഗോഡ്: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അപ്പു ടി. ഏബ്രഹാം (20), അങ്കിത് ബാലു (20) എന്നിവരാണ് മരിച്ചത്. അപ്പുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കാഞ്ഞങ്ങാടിനു സമീപം ചിത്താരി പുഴയില്‍ കണ്ടെത്തി.
തൊട്ടുപിന്നാലെ അങ്കിതിന്റെ മൃതദേഹം ഉച്ചയ്ക്ക് 1.15ഓടെ മുട്ടുന്തല അഴിമുഖത്തുനിന്നുമാണ് കണ്ടെത്തിയത്. ബേക്കല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം 6.30ഓടെ ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളിക്കര കല്ലിങ്കാല്‍ ബീച്ചിലാണ് ഇരുവരെയും കാണാതായത്. ഇരുവരും ചങ്ങനാശേരിയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരായിരുന്നു.
ജോലി രാജിവച്ചശേഷം സുഹൃത്തുക്കളായ അലന് സോണി, അലന് ദേവസ്യ എന്നിവര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. അപ്പുവും അങ്കിതും കടലില്‍ ഇറങ്ങിയ സമയത്ത് ശക്തമായ തിരമാലയില്പ്പെടുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ചീരഞ്ചിറയിലെ ചാത്തന്‍തറ ബാലന് ചാക്കോ-ആശ ദമ്പതികളുടെ മകനാണ് അങ്കിത്. സഹോദരങ്ങള്‍: അമല, അല്‍ക. സംസ്കാരം ഇന്നു മൂന്നിന് ചീരഞ്ചിറ സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും.
പരേതനായ തേമ്പളളി എബിയുടെയും ലൈസാമ്മയുടെയും മകനാണ് അപ്പു.സഹോദരൻ: അച്ചു. സംസ്കാരം ഇന്നു 11.30നു വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കും.